Thursday, July 30, 2009

ജഡാസ്തിത്വം

ശവമാണ് ഞാന്‍
കൊല്ലെരുതെന്നെ ഇനിയും
ഇറച്ചിത്തുണ്ടമായി
പിച്ചിച്ചീന്തീടരുത്

ഒരു പിടി ചാരമാകാന്‍,
പാപനാശത്തില്‍ ഒഴുക്കുവാന്‍
അസ്ഥിശകലങ്ങള്‍
പിതൃതര്‍പ്പണത്തിന്
ഒരുരള ചോറ്
ബാക്കിവച്ചിടേണം, എന്നെ

മാ! നിഷാദന്മാരേ
എന്നാത്മശാന്തിക്കിനി
ഞാനെവിടെയൊക്കെ അലയേണം

~ ധനുഷ്

പ്രേരണ -
മനുഷ്യര്‍ അത്യധികം നിഷ്ഠൂരന്മാരാകുന്ന ഒരു സംഭവം.


Monday, July 13, 2009

ചെറിയ ചില പദപ്രശ്നങ്ങള്‍

കുറച്ചു വര്‍ഷം പിറകിലേക്ക് പോയി ബാല്യകൌമാരകാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി തെരെഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഒരു പക്ഷേ ഞാന്‍ തെരെഞ്ഞെടുക്കുക പദപ്രശ്നങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന എറ്റവും രസകരവും, കൌതുകരവുമായ പ്രവൃത്തിയായിരിക്കും. പണ്ടൊക്കെ ബാലരമയിലും ബാലമംഗളത്തിലും പൂമ്പാറ്റയിലുമൊക്കെ മായാവി, ഡിങ്കന്‍, കപീഷ്, ശിക്കാരി ശംഭു ഇത്യാദികള്‍ക്ക് ശേഷം എന്റെ ശ്രദ്ധ പിന്നെ നീങ്ങിയിരുന്നത് അവയിലെ കൊച്ച് കൊച്ച് പദപ്രശ്നങ്ങളിലേക്കാണ്. അധികം ബുദ്ധിമുട്ടിക്കാത്ത, ലളിതമായ സൂചനകള്‍ ഉള്ള, വെളുപ്പും കറുപ്പും നിറച്ച സമചതുരത്തിലുള്ള കള്ളികള്‍. അവയില്‍ പെന്‍സില്‍ കൊണ്ടെഴുതിയും മായ്ച്ചും വീണ്ടുമെഴുതിയും ഒടുവില്‍ അടുത്ത ലക്കത്തിലെ ഉത്തരങ്ങളുമായി താരതമ്യം ചെയ്തും ആശ്വാസം കൊണ്ടിരുന്ന അപൂര്‍വ്വസുന്ദരകാലം.



പിന്നെ ബാലമാസികകള്‍ ഉപേക്ഷിക്കുന്ന പ്രായമായപ്പോഴേക്കും മാതൃഭൂമി ദിനപത്രത്തില്‍ ഉള്ളതിനോടായി കമ്പം. അതു പക്ഷേ തുടക്കത്തില്‍ കുറച്ചല്പം കട്ടിയായിരുന്നു. പതുക്കെ പതുക്കെ അവയിലെനിക്കു ഒരു എണ്‍പതു ശതമാനത്തോളം ശരിയാക്കാന്‍ പറ്റുമെന്ന സ്ഥിതി വന്നു. പിന്നൊടുക്കം ഒരു ദിവസത്തെ പദപ്രശ്നം മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആ പേപ്പര്‍ ഞാന്‍ എടുത്തു സൂക്ഷിച്ചു വച്ചു. അതേ സമയത്തു തന്നെയായിരുന്നു അച്ഛന്‍ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’ വരുത്തി തുടങ്ങിയത്. അതിലും ദിവസേന പദപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കടിച്ചാല്‍ പോട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ മാത്രമുള്ള ആ പത്രത്തില്‍ ഈ പാവം ഞാന്‍ എങ്ങനെ പദപ്രശ്നം പൂരിപ്പിക്കാനാണ്. ങേഹെ, എങ്ങും എത്തിയില്ല. അതിലെ എന്റെ ഏറ്റവും വലിയ വിജയം കൂടിയാല്‍ ഒരു പത്തെണ്ണം പൂരിപ്പിക്കാനായി എന്നുള്ളതായിരിക്കും. മാതൃഭൂമി പിന്നീട് പതുക്കെ പദപ്രശ്നങ്ങള്‍ ഒഴിവാക്കി “സുഡൊക്കു” വിലേക്കു ചേക്കേറി, അതോടെ എന്റെ മലയാള പദപ്രശ്ന കമ്പം തീര്‍ന്നു. ഇന്നും ഹിന്ദുവില്‍ എന്നും രാവിലെ ഞാന്‍ ഒന്നു എടുത്തു വച്ചു നോക്കും. വല്ലതും നടക്കുമോ എന്നറിയാന്‍. വീണ്ടും പഴയ ങേഹേ തന്നെ.



ഈയടുത്തു ഇപ്പോള്‍ എന്റെ പ്രിയ സ്നേഹിതന്‍ ജോജു അവന്റെ സ്വപ്നപദ്ധതിയായ മഷിത്തണ്ടില്‍ പദപ്രശ്നങ്ങള്‍ കൂടി ചേര്‍ത്തിരിക്കുന്നു. മഷിത്തണ്ടിന്റെ ഒരു വലിയ ആരാധകനായ ഞാന്‍ അവയെടുത്തു പ്രയോഗിക്കാന്‍ അധികം താമസം വേണ്ടി വന്നില്ല. പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ മാത്രമല്ല, അവ ഉണ്ടാക്കുവാനും മഷിത്തണ്ട് മൂലം സാധ്യമാകുന്നു. അതിനാല്‍ എന്നെ പോലുള്ള പദപ്രശ്നകുതുകികള്‍ക്ക് ഇത് വളരെയധികം സഹായകരമാണ്. പക്ഷേ കളിക്കുന്നത് ജോലിയും കഴിഞ്ഞ്‌ തിരിച്ചു വീട്ടിലെത്തിയിട്ടു മാത്രമായിരിക്കണമെന്ന് മാത്രം :).




ഇപ്പോളുള്ള പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ ആദ്യമായി ഇതില്‍ നമ്മള്‍ റെജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ ഇതു ഒരു മത്സരമാണ്. ഈ ഇന്റെര്‍നെറ്റ് ലോകത്തിലെങ്ങുമുള്ള മലയാളികള്‍ക്ക് കളിക്കുവാന്‍ സാധിക്കുന്ന ഒരു പദപ്രശ്നമത്സരം. ഓരോ പദപ്രശ്നത്തിനും കളിച്ചു തീരുവാന്‍ ഒരു നിശ്ചിതസമയമുണ്ട്. ആ സമയത്തിനുള്ളില്‍ ആര്‍ക്കും പദപ്രശ്നം പൂരിപ്പിച്ചു ഉത്തരങ്ങള്‍ പബ്ലിഷ് ചെയ്യാവുന്നതാണ്. ഓരോ സൂചന ശരിയായി പൂരിപ്പിക്കുന്നതിന് പ്രത്യേകം പോയന്റുകള്‍ ഉണ്ട്. എല്ലാം ശരിയായി പൂരിപ്പിക്കുന്ന ആള്‍ക്ക് മുഴുവന്‍ പോയന്റും ലഭിക്കുന്നു. അതിനാല്‍ ഒരു പദപ്രശ്നത്തിന്റ നിശ്ചിത സമയത്തിന് ശേഷം ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്നയാളാകും അതിന്റെ വിജയി, അല്ലാതെ എല്ലാം പൂരിപ്പിച്ചയാളാവണമെന്നില്ല (കാരണം അയാ‍ളുടെ ഉത്തരങ്ങളില്‍ ചിലത് തെറ്റുമാകാം). കളിച്ച്കൊണ്ടിരിക്കുന്നതിനിടെ അതുവരെ പൂരിപ്പിച്ച ഉത്തരങ്ങള്‍ സേവ് ചെയ്യാനും ഇതില്‍ സാധിക്കും. പിന്നെ നിങ്ങള്‍ക്ക് സമയം കിട്ടുമ്പോള്‍ വന്നു ലോഗിന്‍ ചെയ്തു അവ തിരിച്ചെടുത്ത് തുടര്‍ന്ന് കളിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ താല്പര്യവും ഒരല്പം ബുദ്ധിമുട്ടാന്‍ സമയവുമുണ്ടെങ്കില്‍ ഒരു പദപ്രശ്ന നിര്‍മ്മാതാവ് കൂടിയാകാനുള്ള സൌകര്യം മഷിത്തണ്ട് ചെയ്തു തരുന്നു. മുന്‍പ്‌ പറഞ്ഞ പോലെ നിങ്ങളുടെ സ്വന്തം പദപ്രശ്നങ്ങള്‍ ഉണ്ടാക്കാ‍ന്‍ ഇതില്‍ സാധ്യമാണ്. മഷിത്തണ്ട് പദപ്രശ്നത്തിന്റെ നിയമങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് മാത്രം.



മഷത്തണ്ടിലെ പദപ്രശ്നങ്ങള്‍ എനിക്ക് പത്രങ്ങളിലെ പദപ്രശ്നങ്ങള്‍ തരാത്ത ഒരു സുഖം തരുന്നുണ്ട്. ഒന്നാമതായി ഇതു ഒരു ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ നിന്നു പൂര്‍ത്തീകരിക്കണ്ട ഒന്നല്ല. അതിനാല്‍ തന്നെ എനിക്ക് ആലോചിക്കാന്‍ കുറേയേറെ സമയം കിട്ടുന്നു. രണ്ടാമതായി ഇത് ഒരു മത്സരമാണ്. അതിനാല്‍ പൂരിപ്പിച്ച ശേഷം ഉത്തരങ്ങള്‍ പരിശോധിച്ച് ആത്മസംതൃപ്തി അടയേണ്ട കാര്യം ഇവിടെ ഉദിക്കുന്നില്ല. പിന്നൊന്ന് ഇതിന്റെ കടുപ്പം ബാലമാസികകള്‍ക്കും പത്രങ്ങള്‍ക്കും ഇടയില്‍ നില്‍ക്കുന്നു (അത് എത്രകാലം എന്നതു കാണേണ്ടിയിരിക്കുന്നു). പിന്നെ ഇതു മലയാളത്തിലാണ്.



ഒരു സ്വപ്നം എന്‍‌ജിനീയറിങ്ങ് ഫൈനല്‍ ഇയര്‍ പ്രൊജെക്റ്റ് എന്നെ ചിന്താധാരയില്‍ നിന്ന് വളര്‍ന്ന് , ഇപ്പോള്‍ കളിക്കുവാന്‍ പദപ്രശ്നങ്ങള്‍ വരെ നല്‍കുന്ന വെബ്ബ്സൈറ്റ് എന്ന രീതിയിലേക്ക് വളര്‍ന്നത് കാണുമ്പോള്‍ ജോജുവിനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അവന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന്‍ അവയെ ചിന്തകളും പ്രവൃത്തികളും ആക്കി മാറ്റിയിരിക്കുന്നു അവന്‍. ഫലേച്ഛയൊന്നുമില്ലാതെ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു, മലയാളത്തിനു വേണ്ടി. അതില്‍ വല്ലപ്പോഴും സഹായിക്കാന്‍ സാധിച്ചുവെന്ന കൃഥാര്‍ത്ഥതയോടെ ഞാനും.



അപ്പൊ എന്താ നിങ്ങളും ഓരോ കൈ നൊക്കുകയല്ലേ?